Saturday, October 8, 2011

ഓഹരി - ഒരു ആമുഖം


ഓഹരി വിപണിയെക്കുറിച്ച് നമ്മള്‍ പറയുന്നതിന് മുമ്പേ ആമുഖമായി നമ്മള്‍ അറിയേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആ കാര്യങ്ങള്‍ നമുക്ക് ആദ്യത്തെ 2-3 പോസ്റ്റുകളിലായി പറയാം അതിന് ശേഷം തുടക്കക്കാര്‍ക്ക് വേണ്ടിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആദ്യം ഓഹരി വിപണിയെക്കുറിച്ച് ഒരു ഏകദേശധാരണ മനസ്സില്‍ ഉണ്ടാക്കുന്നത് വളരെ ഉപകാരപ്പെടും. 

ഞാനോ, ഈ ബ്ലോഗോ ആത്യന്തീകമായി ശരിയെന്ന് പറയുന്നില്ല. പരസ്പരം അറിവുകള്‍ ഷെയര്‍ ചെയ്യൂന്നു അത്രമാത്രം. അറിവുള്ളവര്‍ ഇതില്‍ കാണുന്ന തെറ്റുകള്‍ തിരുത്തണമെന്നും, ക്രിയാത്മകമായ രീതിയില്‍ ഇടപെടണമെന്നും  സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. 

ഓഹരി വിപണിയില്‍ പരിചയമുള്ളവരുടെയും, ഓഹരി സംബന്ധപ്പെട്ട പുസ്തകങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ഈ ബ്ലോഗ് എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുന്നതാണ്. 

സ്നേഹത്തോടെ............ നട്ട്സ്.

ഓഹരി - ഒരു ആമുഖം

ഈ ബ്ലോഗ് നിക്ഷേപത്തെക്കുറിച്ചാണ്, കൃത്യമായി പറഞ്ഞാല്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള നിക്ഷേപമാര്‍ഗ്ഗമെന്ന് വിശേഷിക്കാവുന്ന ഓഹരിയെക്കുറിച്ചാണ്. 

എന്താണ് ഓഹരി? ലളിതമായി പറഞ്ഞാല്‍ കമ്പനിയുടെ ഉടമസ്ഥത എന്നാണ്. ചലനാത്മകവും മികച്ച നേട്ടമുണ്ടാക്കിത്തരുന്നതും ഗൌരവമേറിയതുമായ നിക്ഷേപമാര്‍ഗ്ഗമാണ് ഓഹരി നിക്ഷേപം. 100 വര്‍ഷത്തിലേറെയായി ഓഹരി നിക്ഷേപം ഒരു ആസ്തിയെന്ന നിലയില്‍ മറ്റെല്ലാ ആസ്തികളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. നാണ്യപ്പെരുപ്പത്തേക്കാള്‍ വളരെ മെച്ചപ്പെട്ട വരുമാനം സ്ഥിരമായി നേടിത്തരുന്ന ഏക ആസ്തിയും ഓഹരിയാണ്. 

ഓഹരി വിപണിയെ ചൂതാട്ടകേന്ദ്രമായിട്ടാണ് കേരളത്തിലെ മിക്ക നിക്ഷേപകരും കാണുന്നത്. അതിന് കാരണവുമുണ്ട്. 1990കളില്‍ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് വിദേശ ഇന്ത്യക്കാരായ നിക്ഷേപകര്‍ക്ക് ഓഹരിവിപണിയിലും, തേക്ക്, ആട്, മാഞ്ചിയം, ആട് നിക്ഷേപപദ്ധതികളിലുമായി ധാരാളം പണം നഷ്ടമായി, അതുപോലെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നോനോ എക്സല്‍, ബിസയര്‍ തുടങ്ങി അനേകം നിക്ഷേപമാര്‍ഗത്തില്‍ പണമിറക്കി നഷ്ടമായി. 

ഓഹരിയില്‍ നിന്നും പണമുണ്ടാക്കാന്‍ നിക്ഷേപകര്‍ സെന്‍സെക്സ് സൂചിക പ്രവചിക്കാനൊന്നും ശ്രമിക്കേണ്ടതില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം ദീര്‍ഘകാലത്തേക്ക്  വാങ്ങുമ്പോള്‍ സെന്‍സെക്സിനൊന്നും അതില്‍ യാതൊരു പങ്കുമില്ല.സെന്‍സെക്സ് സൂചികയുടെ നീക്കമനുസരിച്ച് കമ്പനിയുടെ വളര്‍ച്ചയും വരുമാനസാധ്യതയും മാറിമറിയുന്നില്ല. സെന്‍സെക്സ്, വിപണിയുടെ പൊതുവികാരത്തെ, പൊതുമനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നേയുള്ളു. അതും 30 വന്‍കിട ഓഹരികളെ അടിസ്ഥാനമാക്കി മാത്രം. 

തീര്‍ച്ചയായും വിപണിയുടെ പൊതുമനോഭാവം അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെ. ഇടപാട് നടത്തുന്നതിനുള്ള സമയത്തെക്കുറിച്ച് ഏകദേശധാരണ കിട്ടാന്‍ ഇതു സഹായിക്കും. ഓരോ കമ്പനിയുടെയും മൂല്യം നിക്ഷേപകന്‍ പരിശോധിക്കണം. കമ്പനിയുടെ ആന്തരീകമൂല്യത്തെക്കാള്‍ മാര്‍ക്കറ്റ് വില വളരെ കുറവാണെങ്കില്‍ അതു വാങ്ങുക. വിപണിവില ആന്തരീകമൂല്യത്തിനടുത്തെത്തുംവരെ അത് സൂക്ഷിച്ചു വയ്ക്കുക. ഇതിനെ പറയുന്നതാണ് വാല്യൂ ഇന്‍വെസ്റ്റിഗ്. 

ഓഹരി വിലയിലെ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ചെറുകിട നിക്ഷേപകര്‍ പലപ്പോഴും നിരാശരാവുന്നത്. വിപണിയിലെ വന്‍വ്യതിയാനങ്ങളും, വിപണിയോടൊത്ത് നീങ്ങുന്നതും മിടുക്കരായ നിക്ഷേപകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കും. 

വിപണിയില്‍ മൂല്യം എവിടെയാണെന്ന് കണ്ടെത്തുവാന്‍ പഠിക്കുക. സുരക്ഷിതത്വം, മികച്ച വരുമാ‍നം, ദീര്‍ഘകാലത്തില്‍ മൂല്യവര്‍ദ്ധന നേടാനുള്ള വലിയ സാധ്യത തുടങ്ങിയയെല്ലാം ഒരു നിക്ഷേപത്തെ മൂല്യമുള്ളവയുടെ വിഭാഗത്തില്‍പ്പെടുത്തുന്നു. 

ദീര്‍ഘകാല സാമ്പത്തികവളര്‍ച്ചയ്ക്ക് അനുഗുണമായ വിധത്തില്‍ ജനസംഖ്യയുടെ പകുതിയിലധികവും യുവാക്കളാണ് ഇന്ത്യയില്‍. മാത്രവുമല്ല അവര്‍ ഇന്ത്യയില്‍ ഉപഭോഗകേന്ദ്രികൃതമായ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. സര്‍ക്കാരുകളാകട്ടെ സാമ്പത്തിക രംഗത്തെ ഈ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ അടിസ്ഥാനസൌകര്യമേഖലയില്‍ വന്‍നിക്ഷേപമാണ് നടത്തുന്നത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നില നിര്‍ത്താന്‍ സഹായിക്കും. 

ഉദാരവത്കരണം ഭയപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ന് ആഗോളമത്സരത്തെ നേരിടാനുള്ള കരുത്ത് നേടിയെന്ന് മാത്രമല്ല സ്വപ്നങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശകമ്പനികള്‍ വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ആഗോളവലുപ്പമുള്ള കമ്പനികള്‍ ഇന്ന് ഇന്ത്യന്‍ വ്യവസായികള്‍ക്ക് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ചാമ്പ്യന്മാരായിരുന്ന പല രാജ്യങ്ങളും ഇന്ന് അല്‍പ്പം ഭയത്തോടെയാണ് ഇന്ത്യന്‍ കമ്പനികളെ വീക്ഷിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. 

ഇന്ത്യയിലെ പ്രമുഖകമ്പനികളെല്ലാം ഉല്പാദനക്ഷമമാവുകയും, ആഗോളതലത്തില്‍ വളരുവാന്‍ ശ്രമിക്കുകയുമാണ്. ചെറുകിട, ഇടത്തരം കമ്പനികളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. അവയും ആഭ്യന്തര, ആഗോളതലത്തില്‍ ഉയരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ കാര്യക്ഷമവും, നൂതനവുമായിരിക്കുകയാണ്. ഈ സ്വപ്നത്തിന്റെ തുടക്കം ഐ.റ്റി മേഖലയുടെ കയറ്റുമതിവളര്‍ച്ചയോടെയായിരുന്നു. ഇന്ന് ലോകമെങ്ങും ഇന്ത്യന്‍ ഐ.റ്റി പ്രഫഷണലുകളും, ഇന്ത്യന്‍ കമ്പനികളും ബഹുമാനം നേടിയിരിക്കുന്നു. ഈ ബഹുമാനം പതിയെപ്പതിയേ മറ്റു മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഫാര്‍മ, ഓട്ടോ അനുബന്ധ ഘടകവസ്തുക്കള്‍, എന്‍ജിനീയറിംഗ്, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ ഇനി വലിയ സാധ്യതകളാണ് വരാന്‍ പോവുന്നത്. 

ഓഹരി വിപണി ഇഷ്ടപ്പെടുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനുബന്ധവാര്‍ത്തകളും, ലോകത്ത് നടക്കുന്ന വിവരങ്ങളും സസൂക്ഷ്മം പരിശോധിക്കേണ്ടതാണ്. ഉദാഹരണം ഇപ്പോള്‍ കുറഞ്ഞകാലത്തേക്ക് ടാറ്റ സ്റ്റീലിന്റെ ഓഹരി വാങ്ങിയാല്‍ ലാഭം കിട്ടുമെന്ന് പറയുന്നത് വെറുതെയാണ്. കാരണം ഇപ്പോള്‍ ഇന്ത്യയില്‍ മഴക്കാലമാണ്. ഈ മഴക്കാലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുവേ നീര്‍ജ്ജീവമായിരിക്കും അതിനാല്‍ തന്നെ സ്റ്റീല്‍, സിമന്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പന കുറവായിരിക്കും, അതിനാല്‍ തന്നെ അതിന്റെയൊക്കെ ഓഹരി വിലയും താഴെയായിരിക്കും പക്ഷെ ദീര്‍ഘകാലത്തെക്കാണെങ്കില്‍ ഇപ്പോള്‍ കുറഞ്ഞ സമയത്ത് അതു വാങ്ങുന്നതു നന്നായിരിക്കും. 

ഓഹരിയില്‍ ഒരിക്കലും ടിപ്പുകളുടെയും, റെക്കമെന്റേഷനുകള്‍ക്കൊപ്പം പോവുന്നത് നല്ലതല്ല. പിന്നെ ഓഹരി വിപണിയില്‍ പൈസ നിക്ഷേപിച്ച് പിന്നെ അതിനെക്കുറിച്ച് ശ്രദ്ധിക്കാതെയിരുന്നാല്‍ അത് വിപരീതഫലമാവും ചെയ്യുക. ഒരു ചെടി നട്ടാല്‍ അത് വളര്‍ന്ന് പൂ‍വായി, കായായി, അത് വിളവെടുപ്പിനു പാകമാവുമ്പോള്‍ പറിച്ചെടുക്കുന്നപോലെതന്നെയാണ് നമ്മുടെ നിക്ഷേപവും. നമ്മുടെ നിക്ഷേപത്തിന് ലാഭം കിട്ടിയെന്ന് കരുതുമ്പോള്‍ അത് വില്‍ക്കുക.


അടുത്ത പോസ്റ്റ്  “ഇന്ത്യ - വളര്‍ച്ചയുടെ കഥ”

കടപ്പാട് : ശ്രീ. പൊറിഞ്ചു വെളിയത്ത്.